Thursday, July 29, 2010

പ്രണയത്തിന്‍ പൂന്തോട്ടം


എല്ലാ  അവധികാലങ്ങളും  അവന്  പ്രിയപ്പെട്ടതായിരുന്നില്ല  , ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ,  അവന്‍  താമസിയ്കുന്ന  ഈ  അഞ്ചാമത്തെ  വാടക  വീട്  പ്രിയപ്പെട്ടതാവാന്‍   കാരണമുണ്ട് ,നേരത്തെ   എങ്ങും  ഇല്ലാതിരുന്ന  ഒരു  സമ്മാനമുണ്ടിവിടെ - കൂട്ടുകാര്‍ , ഇംഗ്ലീഷ്  അക്ഷരം  ‘c’ ആകൃതിയില്‍  ഉള്ള  ഫ്ലാറ്റ്  കെട്ടിടം , നടുക്കൊരു   വലിയ   മൈതാനം , സമപ്രായക്കാരായ   അഞ്ചാറു  കൂട്ടുകാര്‍  , വേറെ  എന്ത്  വേണം  ആ  പ്രായത്തില്‍ . ഫ്ലാറ്റിന്റെ  ആക്രിതിയുടെ  പ്രത്യേകത  അവിടത്തെ  കുട്ടികള്‍ക്ക്   മറ്റെങ്ങും  ഇല്ലാത്ത  ഒരു  സ്വാതന്ത്ര്യം   കൊടുത്തിരിന്നു , നടുവിലെ  ആ  മൈതാനം  എല്ലാവര്ക്കും  സ്വന്തം  മുറ്റം പോലെയാണ്  , രാത്രിയെന്നോ  പകലെന്നോ  ഇല്ലാതെ  എല്ലാവരും  മുറ്റത്ത്‌ തന്നെ  ….മക്കള്‍  എല്ലാവരും   അമ്മമാര്ര്‍ക്ക്   ജനല്‍  വഴി നോക്കിയാല്‍  കാണാവുന്ന   ദൂരത്തില്‍ , അവര്‍ക്കും  സമാധാനം . അതുകൊണ്ടെന്താ  രാവിലെ  തുടങ്ങുന്നു  കളികള്‍ , ഫുട്ബോള്‍  ,ക്രിക്കറ്റ്‌ , പമ്പരം  കൊത്തല്‍ , പട്ടം  പറത്തല്‍ ,കാരംസ്  , ചെസ്സ്‌ , വൈകിട്ട്  ലൈറ്റിട്ടു  ഷട്ടില്‍  കളി …എല്ലാം  കൂടി  ഒരു  കായിക  മാമാങ്കം  തന്നെ , ഇടയ്ക്  ശിര്ര്ര്‍   എന്ന്  ഓടി   പോയി  ആരെങ്കിലും  വല്ലതും  കഴിച്ചാല്‍  ആയി  . മിക്കവരുടെയും അച്ഛനും അമ്മയും ജോലിയ്കാര്‍  ആയതു  കാരണം  അവര്  വരുനതിനു  മുന്‍പ്  കഴിച്ചാല്‍  മതിയല്ലോ .


ഈ  കായിക  മാമാങ്കങ്ങള്‍ക്ക്  ഊര്‍ജം  പകരാനെന്നവണ്ണം  ചില  മാറ്റങ്ങള്‍  അവന്  തോന്നി  തുടങ്ങി , രാവിലെ  പാലുമായി  പോകുമ്പോള്‍ , റിസര്‍വ്വ്   ബാങ്ക്  ക്വാട്ടെര്സിലെ   ഒരു  ബ്ലോക്കില്‍  ഒരു  ചെറിയ  പൂന്തോട്ടമുണ്ട് , വിവിധ  നിറമുള്ള  പനിനീര്‍  പൂവുകളുള്ള  പൂന്തോട്ടം , ആ  ബ്ലോക്കില്‍  കയറുന്നതിനു  മുന്‍പ്  അവന്‍  ആ  പൂക്കള്‍ക്കടുത്തു  പോകും , ആ  പനിനീര്‍ പൂവുകളുടെ  നിറം  മാത്രം  പോര  എന്ന്  തോന്നിയാവാം  , വിടര്‍ത്തി  പടര്‍ത്തി  ഇട്ടിരുന്ന രാവിന്റെ  കറുത്ത  മുടി  ഒതുക്കി  കെട്ടി , സിന്ദൂരം  ചാര്‍ത്തി  ആകാശവും ആ പുലര്‍ച്ചയില്‍   ഒരുങ്ങി  വരും  , അവന്റെ  മനസ്സില്‍  നിറങ്ങള്‍  ചാലിയ്കാന്‍ , പ്രണയ  വര്‍ണ്ണങ്ങളുടെ  ഒരു  വസന്തം  തീര്‍ക്കാന്‍  , പനിനീര്‍ പൂവിന്റെ  സുഗന്ധമുള്ള ഒരു  പ്രണയവസന്തം , ചെടിയോടു  ചേര്‍ത്ത്  പിടിച്ചു  ആ   പനിനീര്‍പൂവിന്റെ  സുഗന്ധം  ആസ്വദിയ്കുമ്പോള്‍   അവന്റെ  മനസ്സില്‍  ഒരു  രൂപം  തെളിയും  , അവളുടെ  രൂപം.....  അവള്‍ ! സിതാര  ….


ഫ്ലാറ്റിലെ  അവന്റെ  ബ്ലോക്കിന്  നേരെ  എതിര്‍വശത്ത്   താമസിയ്കുന്ന  സിതാര , ഇതാ  നിനക്കായി  എന്റെ   പ്രണയം  ഈ  പട്ടത്തില്‍  ഞാന്‍   മേഘങ്ങളിലെയ്ക്ക്  അയക്കുന്നു , ആ  മേഘങ്ങള്‍  നിന്നില്‍  എത്തിയ്കട്ടെ  എന്റെ  പ്രണയം , എന്ന  ഭാവത്തില്‍  അവന്‍  പട്ടം  പറത്തുമ്പോള്‍ , ആ  പ്രണയ  സന്ദേശങ്ങള്‍  ഏറ്റുവാങ്ങാന്‍  എന്നവണ്ണം  അപ്പുറത്തെ  ടെറസ്സില്‍   മാനം  നോക്കി  ആനന്ദിച്ചവള്‍  ,വൈകിട്ടത്തെ ഷട്ടില്‍ കോര്‍ട്ട് , ജേതാക്കള്‍ ക്കായി   മാത്രം  തുടര്‍ച്ച  നല്‍കുമ്പോള്‍ , അവന്റെ  ജയങ്ങള്‍ക്ക്  കൂട്ടായി  അവളുടെ  കൂട്ടുകാരികളുടെ കൂടെ  ഇരിക്കുകയും , അവന്റെ  പരാജയങ്ങളില്‍  മെല്ലെ  വിടവാങ്ങി  അവനെ  ജയിക്കാന്‍  മാത്രം  പ്രേരിപ്പിച്ചവള്‍  ….മനസ്സില്‍  അവള്‍  അങ്ങിനെ   നിറയുകയായിരിന്നു , അവന്‍  ചെയ്യുന്നതെന്തും  അവള്‍ക്കായി  മാത്രം ഒതുങ്ങിയിരുന്ന ദിനങ്ങള്‍ , അത്ര  മാത്രം  അവള്‍  അവനില്‍  നിറഞ്ഞു , പക്ഷെ  ഈ  പ്രണയം  അവളില്‍  എത്തിയ്കുന്നതെങ്ങിനെ  , അവള്‍ക്കായി   ഒരു  പൂന്തോട്ടം  തന്നെ   തീര്‍ക്കാന്‍  അവന്‍  തീരുമാനിച്ചു ….അവന്റെ  പ്രണയം  വളമാക്കി തഴച്ചു  വളരുന്ന  ഒരു ഏദന്‍ തോട്ടം  .

പിറ്റേന്ന്  രാവിലെ  പാലുകൊടുക്കാന്‍  പോയപ്പോള്‍  ഒരു  ചെറിയ  പേനാകത്തിയും    കൂടുമായിട്ടാണ്  അവന്‍  പോയത് , തിരിച്ചു  വന്നപ്പോള്‍  പലയിടത്ത്  നിന്നായി , പലതരത്തില്‍ , പല വര്‍ണ്ണത്തില്‍    ഉള്ള  പല  ചെടികളുടെ  ഒരു  കൂമ്പാരം  തന്നെ   അവന്‍  കൊണ്ട്  വന്നു ,മോഷണം  തന്നെ, അല്ലാതെ  വെളുപ്പിന്  ആരെ  ഉണര്‍ത്തി  സമ്മതം  ചോദിയ്കാന്‍  .  അവന്റെ   ജനലിനടുത്തു  ആകെ  അഞ്ചടി   നീളവും  മൂന്നടി   വീതിയും  ഉള്ള  കുറച്ച  മണ്ണുണ്ട് , അവിടെ  വേണം  അവന്റെ  മനസ്സിലെ  പ്രണയത്തിനു  സുഗന്ധവും   സൗരഭ്യവും  നല്‍കുന്ന  പൂന്തോട്ടം  തീര്‍ക്കാന്‍ . സഹായിക്കാന്‍  വന്നവരെ  ആരെയും  അവന്‍  അടുപ്പിച്ചില്ല , ഇതവള്‍ക്കായി ,അവന്റെ പ്രണയത്തിനായി അവന്‍  തീര്‍കുന്ന  പൂന്തോട്ടം, അവന്റെ  പ്രണയം  ഇതിലെ  ഓരോ  മണല്‍ത്തരിയും  വിളിച്ചു  പറയണം , മൊട്ടിടുന്ന  ഓരോ  പൂവും  അവളുടെ കാതില്‍ ഓതുന്നത്‌  അവന്റെ  പ്രണയത്തിന്റെ  ആഴമാകണം , അങ്ങിനെ  അവന്‍  അവിടം  നിറയെ  ആ  കമ്പുകളും  ചെടികളും  നട്ടു , കൂടുതലും  പനിനീര്‍  പൂവുകള്‍  തന്നെ , പ്രണയത്തിനു  പ്രതീകമായി  പനിനീര്‍പൂവിനു  പകരം  വെയ്കാന്‍  ഏതു  പൂവിനാകും ? ഉള്ളിന്റെ  ഉള്ളില്‍  അവള്‍ക്കായ്‌  തുടിയ്കുന്ന   പ്രണയത്തെ  പോലെ , ആ പനിനീര്‍ പൂവുകളിലെ  , ഇതളുകള്‍ക്കിടയിലെ  ഇതളുകള്‍ക്ക്‌ ഉള്ളിലായി     നിറഞ്ഞു  നില്‍കുന്ന  പ്രണയത്തിന്‍  സുഗന്ധം  വേറെ  ഏതു  പൂവ്  തരും ? അവന്റെ  പ്രണയത്താല്‍  നട്ട്‌ നനച്ചു , മൊട്ടിട്ടു  വിരിയുന്ന  പനിനീര്‍  പൂവ്  അവള്‍ക്കായി  സമ്മാനിയ്കുന്ന  ദിനം  സ്വപ്നവും  കണ്ടു  അവന്റെ   സുന്ദരദിനങ്ങള്‍  കടന്നു  പോയി ….. 


പതിവുപോലെ  അന്നും  അവന്‍  അവന്റെ  ജനലിനടുത്തു  വന്നിരിന്നു , അവന്റെ  പൂന്തോട്ടത്തിലേയ്ക്ക്  പ്രതീക്ഷയുള്ള  ഒരു  നോട്ടവുമായി , എന്നാല്‍  അവന്റെ  പ്രതീക്ഷ  ആ  പൂന്തോട്ടം  മാത്രമല്ല , എതിര്‍വശത്തുള്ള  അടച്ചിട്ട  ജനലരികില്‍  അവള്‍  വന്നിരിയ്കുമ്പോള്‍  തെളിയാറുള്ള  അവളുടെ  നിഴല്‍ …ആ  നിഴലും  അവനൊരു  പ്രതീക്ഷയാണ് . മനസ്സില്‍   പ്രണയം  നിറയുമ്പോള്‍ , പ്രണയിനിയുടെ  നിഴല്‍  പോലും  നമുക്ക്  ഏറെ  പ്രിയപ്പെട്ടതാകുന്നു  , ആ  നിഴല്‍  അവന്റെ  മനസ്സില്‍  ഒരാനന്ദം  നിറച്ചിരിന്നു ….അതിരുകളില്ലാത്ത   ഒരാനന്ദം . എന്നാല്‍  അന്നവന്റെ  ഹൃദയതാളങ്ങള്‍ക്കു   വേഗത  കൂട്ടിയത്  അവളുടെ  നിഴല്‍   അവിടെ തെളിയാഞ്ഞത് മാത്രമല്ല , അതിനു   മറ്റൊരു  കാരണം  കൂടിയുണ്ടായിരിന്നു , അന്ന്  രാവിലെ  യാദ്രിശ്ചികമായി  അവള്‍  പുറത്തു  പോകുന്നത്  കണ്ടുകൊണ്ടവന്‍   അവളുടെ  പുറകെ  പോയിരിന്നു , അവള്‍ തിരികെ   വരുന്ന  വഴിയില്‍ അവന്‍  കാത്തു  നിന്നു , അവളെ  കണ്ടപ്പോള്‍  അത്രയും  നാള്‍  ഉണ്ടായിരുന്ന  ഭയവും  എല്ലാം മാറ്റി വെച്ച്  എവിടെന്നോ കിട്ടിയ ധൈര്യത്തില്‍ ,  അവളോട്‌  അവന്‍  പറഞ്ഞു , 

"എടൊ , എനിയ്ക്ക്  തന്നെ  ഇഷ്ടം  ആണ്..... ഇഷ്ടമാണെന്ന്  പറഞ്ഞാല്‍  , ഒത്തിരി  ഇഷ്ടമാണ് "

അവള്‍  ചിരിച്ചു …ദൈവമേ  എന്താ  ആ  ചിരിയുടെ  അര്‍ഥം , അവളുടെ  പുഞ്ചിരി   അവന്റെ  മനസ്സില്‍   വിരിയിച്ചത്  ഒരായിരം  പനിനീര്‍  പൂക്കള്‍ ഒരുമിച്ചായിരിന്നു ,

" ഒന്നും  പറഞ്ഞില്ല " …..പിന്നെയും  അവന്‍  ചോദിച്ചു ,

"അല്ലെങ്കില്‍  വേണ്ട  ഉടനെ  ഒരു  മറുപടി  പറയേണ്ട , ഞാന്‍  ഇനിയൊരിക്കല്‍  ചോദിയ്ക്കാം  , അപ്പോള്‍  പറഞ്ഞാല്‍  മതി "

അവളുടെ  പുഞ്ചിരി  അവന്റെ  ഹൃദയത്തില്‍  വിരിയിച്ച  ആയിരം പനിനീര്‍ പൂവുകള്‍   ആസ്വദിച്ചു  ആ  ജനലരുകില്‍  അവന്‍  ഇരിക്കുകയാണ് , എന്നാല്‍  ഇപ്പോള്‍  അവളെ  കാണാതെ , അവളുടെ  നിഴല്‍  പോലും  കാണാതെ  ആയപ്പോള്‍ , ആ  പനിനീര്‍പൂവിന്റെ  സ്ഥാനത്  അവന്റെ ഹൃദയത്തില്‍  ഒരു  പക്കമേളം  തുടങ്ങിയിരിന്നു , കലാശകൊട്ടാകുമോ ആ പക്കമേളം ? കാത്തിരിപ്പിന്റെ  ഭാരം  സമയസൂചികളെ  തളര്തിയോ ,  നേരം  വെളുക്കാന്‍  ഏറെ  വൈകിയത്  പോലെ  അവന്  തോന്നി , എത്രയും  പെട്ടന്ന്  പാല്  കൊടുത്തിട്ട്  വരണം , എങ്ങിനെയെങ്കിലും  അവളെ  കാണണം …അവന്റെ  മനസ്സ്  തുടിക്കുകയായിരിന്നു …..

ഓരോട്ടപാച്ചില്‍  തനെയായിരിന്നു  അവന് , അന്നത്തെ  പ്രഭാത  സവാരി , ഒരു  ട്രിപ്പ്‌  കഴിഞ്ഞു  മടങ്ങി  വരവേ  ആണ്  അവന്‍  അത്  കണ്ടത് , 2 മൈനകള്‍ , ആരോ  പറഞ്ഞത് അവന്‍  ഓര്‍ത്തു , സ്വതന്ത്രമായ  2 മൈനകളെ  ഒരുമിച്ചു  കണ്ടാല്‍  എന്താഗ്രഹിച്ചാലും  അത്  നടക്കുമത്രെ , കൃത്യം  ഒരു  ജോഡി  തന്നെ  ആയിരിക്കണം , ഒരെണ്ണം  പോലും  കൂടുതല്‍  പാടില്ല , അപ്പോള്‍ ആ ഒരു  ജോഡി  മൈനകളെ  കണ്ടത്   അവളുടെ  സമ്മതമായി  അവന്  തോന്നി , ഇപ്പോള്‍  അവളുടെ  സ്നേഹം  അല്ലാതെ  മറ്റെന്താണ്  അവന്‍  ആഗ്രഹിക്കുക  , ഏതായാലും  മനസ്സില്‍  അവന്‍  ആവര്ത്തിച്ചുരുവിട്ടു …സിതാര  എന്നെ  ഇഷ്ടമാണെന്ന്  പറയണേ .........സിതാര  എന്നെ  ഇഷ്ടമാണെന്ന്  പറയണേ   …, തിരിച്ചു  കടയില്‍  എത്തുന്നത്‌  വരെ  അവന്‍  അതുരുവിട്ടു  കൊണ്ടാണ്  വന്നത്  , കടയില്‍  എത്തിയപ്പോഴാണ്  പതിവില്ലാത്ത  ഒരു  കാഴ്ച , സാധാരണ  സംഭവിയ്കാത്തത്‌ ആണ്  , പാലും  വാങ്ങി  അതാ  അവളുടെ  അച്ഛന്‍  നടന്നു  നീങ്ങുന്നു , മനസ്സില്‍  ഒരു  പെരുമ്പറ  മുഴങ്ങി , മുഖത്തെ  ചോരയെല്ലാം  ആ  പനിനീര്‍പൂവുകള്‍  ഊറ്റിയെടുത്ത  പോലെ , ഇനി  ആ  പൂവുകള്‍ക്ക് അവന്റെ  പ്രണയത്തിന്റെ  നിറമല്ലേ  വേണ്ടത് , പകരം അവന്റെ  ചോരയുടെ  നിറമാണോ ? ഏതായാലും  ഒന്നുമറിയാത്ത  പോലെ   കടയിലേക്ക്  ചെന്നു, അച്ഛന്റെ  മുഖത്തും  വലിയ  ഭാവ  വ്യത്യാസം  ഒന്നുമില്ല ,  കണക്കു  കൊടുത്തു , ഇനിയും  30 പാല്  കൂടി  വേണം , അതെടുത്തു  തരുന്നതിനടയില്‍  അച്ഛന്റെ  ഒരു  ചോദ്യം 

"ബിനു  ഇന്നലെ  കച്ചേരിപടിയില്‍   പോയിരിന്നോ"  , 

അവളുടെ  പുഞ്ചിരി  മനസ്സില്‍  വിരിയിച്ച ആ  ആയിരം  പനിനീര്‍  പൂക്കള്‍  ഒറ്റയടിയ്ക്ക്  വാടി  കരിഞ്ഞു  പോയി .......

"ഉവ്വ്  പോയിരിന്നു" ,  

നിഷ്കളങ്കമായി  അവന്‍  മറുപടി  പറഞ്ഞു , ഏതോ  ഒരു  മഹാതത്വം  പറയും  പോലെ  അവന്റെ  അച്ഛന്‍  തുടര്‍ന്നു

“ബിനു …കമന്റ്‌  അടിയൊക്കെ  ഒരു  പ്രായത്തില്‍  ഏല്ലാവര്‍ക്കും  ഉണ്ടാവും , പക്ഷെ  ഇത്  പോലെ  പരാതികള്‍  വരുത്തരുത് ..” 
അത്രയേ  പറഞ്ഞുള്ളൂ  അവന്റെ  അച്ഛന്‍ , അവന്   എങ്ങിനെയെങ്കിലും  അവിടന്ന്  ഒന്ന്  മാഞ്ഞു  പോയാല്‍  മതി   എന്നായിരിന്നു ,
“അത് ….. അച്ഛാ  …ഞാന്‍ …… വെറുതെ …… മുഴുമുപ്പിയ്കാന്‍  കാത്തു  നിന്നില്ല , പാലിന്റെ  എണ്ണം  തികഞ്ഞപ്പോള്‍ സൈക്കിളില്‍   കയറി  അവന്‍   പാഞ്ഞു  ………..

പ്രണയത്തിന്റെ  ശക്തി  അവനെ  വല്ലാതെ  അത്ഭുതപെടുത്തി ,അവന്‍  പോലും   അറിയാതെ  അവന്റെ  മനസ്സില്‍   അത്രയധികം  വികാര  വേലിയേറ്റങ്ങള്‍  സ്രിഷ്ടിയ്കാന്‍  പ്രണയത്തിനു  കഴിഞ്ഞു , പ്രണയം  മനസ്സില്‍  വിരിയിച്ച  ആ  പൂന്തോട്ടം....., അതിന്റെ  സുഗന്ധം  പരത്തിയ സന്തോഷം , അതിരുകളില്ലാത്ത ഒരാനന്ദം  എന്ന്  തോന്നിയ  നിമിഷങ്ങള്‍ . ആ   പ്രണയ സുഗന്ധം ഒന്നാസ്വധിച്ചു  തുടങ്ങവേ  അതാ  ആ  പ്രണയം  തന്നെ  അവനില്‍   ദുഖത്തിന്റെ  വേരുകളും  പടര്‍ത്തിയിരിക്കുന്നു  , മുള്ളുകളുള്ള  വേരുകള്‍......  നിര്‍വികാരമായി  കിടക്കുന്ന  മനസ്സുകളില്‍  വികാരങ്ങളുടെ  വേലിയേറ്റങ്ങള്‍   ഇത്രയധികം  സ്രിഷ്ടിയ്കാന്‍  പ്രണയത്തോളം  പോന്ന  വേറൊരു  വികാരവും  ഇല്ല ……


അച്ഛന്റെ  മുന്നില്‍  നിന്നും  ഒരു  തമാശപോലെ   അത്  പറഞ്ഞു ഒഴിഞ്ഞെങ്കിലും   , അവന്റെ  അത്മാവിനാഴങ്ങളില്‍  ആ  തിരസ്കാരം ….. അവന്റെ  ആദ്യ  പ്രണയം  പൊലിഞ്ഞതില്‍ ഉള്ള  വേദന,സഹിയ്ക്കാനാവാത്ത  ഒരു  നോവായി  മാറുകയായിരിന്നു  ,അവന്‍  നട്ടുവളര്‍ത്തിയ  ആ  പനിനീര്‍  ചെടിയുടെ  മുള്ളുകള്‍ അവന്റെ   ഹൃദയത്തിന്‍  ആഴങ്ങളിലേയ്ക്ക്  കുത്തി ഇറക്കുന്നത്‌  പോലെ ……ഏകനായി  ആ  തെരുവിലേയ്ക്ക്  സൈക്കിള്‍ ഓടിച്ചിറങ്ങുമ്പോള്‍   മനസ്സിലെ  ആ  നോവ്‌  കണ്ണീരായി  ഒഴുകുകയായിരിന്നു ,ആ  നിമിഷം . ഒരു  മഴയ്കായി  അവന്‍   ഏറെ  കൊതിച്ചു …അവന്  കൂട്ടായി  , അവന്റെ  കണ്ണീരിനു  കൂട്ടായി  , അവന്റെ  പ്രിയപ്പെട്ട  മഴ  ഒന്ന്  പെയ്തെങ്കില്‍ , അവന്റെ  വേദനകളെ  ആ  മൃദുല  സ്പര്‍ശനങ്ങളില്‍ കുതിര്‍ത്തു  ഇല്ലതാക്കിയെങ്കില്‍ …അവന്റെ  ഈ  പ്രണയം  മഴയ്കും  പ്രിയമല്ലാതെയാവാം മഴയും  അവനോടു  പിണങ്ങി  മാറി  നിന്നു ... അവനെ  ഏകനാക്കി ….
തകര്‍ന്ന  ഹൃദയവും  ഒഴുകുന്ന  കണ്ണീരുമായി  അവന്റെ സ്ഥിരം വീഥികളിലൂടെ   പ്രഭാത  സവാരിയുമായി   അലയുമ്പോള്‍  അവന്‍  അറിഞ്ഞിരുന്നില്ല , ഈ  ചെറിയ  നൊമ്പരങ്ങള്‍  അവന്  ദൈവം  നല്‍കിയത്  വരാനുള്ള  വലിയ  നൊമ്പരങ്ങള്‍  ഏറ്റുവാങ്ങാനുള്ള കരുത്തിനു വേണ്ടി മാത്രം ആയിരിന്നു എന്ന് ..........

തുടരും  .........

ഒരു മൈന മൈന ..........കുരുവി ........ല..ലാ ......ലാ
അല്ലെങ്കിലും അവന്റെ സങ്കല്‍പത്തിലുള്ള പെണ്ണിന് പൂര്‍ണ്ണചന്ദ്രന്റെത് പോലെ നല്ല വട്ട മുഖമായിരിന്നു.....
പട്ടണത്തിന്റെ പരിഷ്കാരങ്ങള്‍ ഇല്ലായിരിന്നു........
കിട്ടാത്ത മുന്തിരി പുളിയ്ക്കും :)  യേത് ?

പൂന്തോട്ടത്തിനായി മോഷണം നടത്തിയെങ്കിലും , പോസ്ടിനായി പൂന്തോട്ടം (ഫോട്ടോ ) സിയയോട് ചോദിച്ചു തന്നാ എടുത്തത്‌ ...   :)

Sunday, July 18, 2010

മഴ തീര്‍ത്ഥം


അനുഭവലിപി - എന്ന എന്റെ കഴിഞ്ഞ പോസ്റ്റ്‌ ഒരു തുടരന്‍ ആക്കണം എന്ന് കരുതി തുടങ്ങിയതല്ല , എഴുതി വന്നപ്പോള്‍ അങ്ങിനെ ആയി .....ഇനി ഇത് തുടരും കേട്ടോ ......ഏവരുടെയും  നിര്‍ദേശങ്ങളും ,വിമര്‍ശനങ്ങളും പ്രതീക്ഷിയ്കുന്നു , അനുഗ്രഹിച്ചാലും ........

********************************************************************************

മെല്ലെ  നീങ്ങി   തുടങ്ങിയ  തീവണ്ടിയുടെ  ചൂളം  വിളി   കാതുകളിലൂടെ   നേരെ  അവന്റെ  മനസ്സില്‍  ഒരു  അസ്വസ്ഥത സൃഷ്ടിച്ചു , അതോ  ആ  ചൂളം  വിളിയിലൂടെ  ഭൂതകാലം  അവന്റെ  മനസ്സിലേയ്ക്  ഇരച്ചു  കയറുകയായിരിന്നോ? 

പണ്ടാസിമന്റ്‌  ബെഞ്ചില്‍ ഉറങ്ങുമ്പോള്‍ , എത്ര  തീവണ്ടികള്‍  പോയാലും ആ ചൂളംവിളികള്‍ അവന്‍ അറിഞ്ഞിരുന്നില്ല , നന്നായി  ഉറങ്ങാന്‍ കഴിഞ്ഞിരിന്നു    അവന് …അന്നും.
എന്തോ, ദൈവം  പല  പരീക്ഷണങ്ങള്‍  തന്നപ്പോഴും , പ്രശ്നങ്ങളെ  മാറ്റി  മാറ്റി  മനസ്സിലെ  ഓരോ  കൂടുകളില്‍  അടച്ചു  വെയ്കാനുള്ള  കഴിവും  അവന്  കൊടുത്തിരിന്നു, ഉറങ്ങാന്‍  നേരം   പ്രശ്നങ്ങളെ  എല്ലാം   ഒരു  മൂളിപാട്ടിലോതുക്കി  ആ  സിമന്റ്‌  ബെഞ്ചില്‍  പോലും   നന്നായി  ഉറങ്ങാന്‍  അവന്  കഴിഞ്ഞിരിന്നു , പണ്ട്  മുതലേ  ഉറക്കം  അവന്  അത്രയ്ക്  പ്രിയമല്ല , പിറ്റെന്നെയ്കുള്ള ഉണര്‍വിനായുള്ള ഉറക്കം  അത്  മതിയായിരിന്നു അവന് .

അവന്റെ  അച്ഛനും  അമ്മയും  നല്‍കിയ  പല  അനുഗ്രഹങ്ങളില്‍  ഒന്നാണ്  അത്, ആവിശ്യത്തിന് ഉറങ്ങുക,  ചെറുപ്പം  മുതല്കെ  വെളുപ്പിനെ ഉണരുന്ന  ഒരു  ശീലം  അവനിലുണ്ട് , പക്ഷെ  അന്നൊക്കെ  എല്ലാ  കുട്ടികളെയും  പോലെ  ഉറങ്ങാന്‍  കൊതി  ഇല്ലാഞ്ഞിട്ടല്ല,  അച്ഛനെയും   അമ്മയെയും  സഹായിക്കണം , അന്നവന്  അതവര്‍കൊരു സഹായം  ആണെന്നൊന്നും  തോന്നിയിരുന്നില്ല  , വെളിപ്പിനു  4:30 യ്ക്  എഴുന്നേറ്റു   അച്ഛന്റെ  മില്‍മ  ബൂത്തില്‍  പോയി  തന്റെ  കുട്ടി സൈകിളില്‍   പാലിന്റെ  ട്രേ  കെട്ടിവെച്ചു   നഗരത്തിലെ  തിങ്ങി  നിറഞ്ഞ ഹൌസിംഗ്  കോളനികള്‍ക്കിടയിലെ വിജനമായ  ഇടവഴികളിലൂടെ  ഒരു  പ്രഭാത  സവാരി  ……. ,ഓരോ  വീടിന്റെ  മുന്‍പില്‍  തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍   പാല്‍  ഇടുക , പാലിന്റെ  എണ്ണം  അതിലെ  കുപണുകള്‍ പറയും.

നേരിയ  കുളിരുള്ള  വെളിപ്പിനു , സ്പീഡില്‍  സൈക്കിള്‍  ചവിട്ടി പായാന്‍  അവനൊത്തിരി  ഇഷ്ടമായിരിന്നു  ,ഈ  പ്രഭാത  സവാരികള്‍ ആണ്  അവന്  അവന്റെ  ആദ്യത്തെ  പ്രണയിനിയെ  നല്‍കിയത് ,......മഴയെ , മഴയെ  പ്രണയിക്കാന്‍  പ്രേരിപ്പിച്ച  പ്രഭാതങ്ങള്‍ , ഏകനായി  ഇടവഴികലൂടെ  പായുമ്പോള്‍  ഒരു  സുഹൃത്തായി  പെയ്തിറിങ്ങുന്ന മഴ . അവളെ  ശിരസ്സിലേറ്റി നെഞ്ചോടു  ചേര്‍ത്ത്  മുഴുവനായും  അവന്‍  ആസ്വദിയ്കും, നനയാതിരിക്കാനായി മഴകൊട്ടോ , കുടയോ  തൊപ്പിയോ  ഒന്നും  അവന്‍  കൊണ്ട്  നടക്കാറില്ല , അത്രയ്കിഷ്ട്മായിരിന്നു  അവന്  ആ  മഴയെ,മഴയില്‍  കുതിര്‍ന്നു   സൈക്കിള്‍  ചവിട്ടി  നടക്കാന്‍  എന്ത്  രസമായിരിന്നു ,  മഴയുള്ളപ്പോള്‍  വേറൊരു  ആശ്വാസവും  ഉണ്ടവന്,അവന്‍  ഉറക്കെ  പാടും , മഴയുടെ  താളത്തില്‍ ,ആ  സംഗീതത്തിന്റെ  അകമ്പടിയില്‍ ,  മഴയുടെ   ചല പില ശബ്ദത്തില്‍  അവന്റെ  പാട്ട്  മറ്റാരും  കേള്കില്ലല്ലോ  എന്ന  വിശ്വാസത്തില്‍   ഉറക്കെ,....ഉറക്കെ പാട്ടുംപാടി....അങ്ങിനെ......... ഒരാനന്ദം  തന്നെ   ആയിരിന്നു  അവന് , ആ  മഴയുടെ  മൃദുല  സ്പര്‍ശനങ്ങള്‍ ....,ആ  സ്പര്‍ശനം എല്കാത്ത ഒരു  തരി  പോലുമുണ്ടാവില്ല  അവന്റെ  ശരീരത്തില്‍.  അവന്റെ   മുടിയിഴകളിലുടെ , കവിളുടെ … മെല്ലെ  ഊര്‍ന്നു  വരുന്ന  മഴച്ചാലുകള്‍ , നാവു  കൊണ്ട്  നുണഞ്ഞു  നോക്കും , മധുരമുണ്ടോ ?.. ആ  തീര്‍ഥം നാവില്‍  നനയുമ്പോള്‍ , നാവില്‍ ആ  മധുരം  വരുന്നില്ലെങ്കിലും  മനസ്സില്‍  നിറയുന്നുണ്ട്  ഇപ്പോഴും  ആ  മഴ തീര്‍ത്ഥത്തിന്റെ  മധുരം , ആ    തീര്‍ത്ഥം  കുറെയേറെ  കുടിച്ചതിനലാവാം  ദൈവം  സഹായിച്ചു  അസുഖങ്ങുളുമായി  ആശുപത്രികളില്‍  അവന്  കറങ്ങേണ്ടി   വന്നിട്ടില്ല …..

ഈ  പ്രഭാത  സവാരി  കഴിഞ്ഞു , പിന്നെ  ഓടണം  , നഗരത്തിലെ  ഏറ്റവും  മികച്ച  വിദ്യാലയങ്ങളില്‍  ഒന്നായ  അവന്റെ  വിദ്യാലയത്തിലേയ്ക്ക്  ...,മാതാപിതാക്കളുടെ  അനുഗ്രഹങ്ങളില്‍  മറ്റൊന്ന്,  മികച്ച  വിദ്യാലയത്തിലെ  വിദ്യാഭ്യാസം  , രാവിലെ  7 മണി  മുതല്‍  ഉച്ചയ്ക്ക്  1.20 വരെ  ഉള്ളു  ക്ലാസ്സുകള്‍,   എത്ര  സൗകര്യം , എന്നാല്‍  സുഹൃത്തുക്കള്‍  എല്ലാവര്‍കും 4 മണി  വരെ  ക്ലാസ്സ്‌  ഉണ്ട് , അത്  കൊണ്ട്     ഉച്ചയ്ക്ക്  ഇഷ്ടംപോലെ  സമയം , വെറുതെ  ഉറങ്ങി  കളയാനും  അവന്‍  ശീലിച്ചിട്ടില്ല , അവിടെ  കിട്ടിയ മറ്റൊരനുഗ്രഹം ,അമ്മയുടെ  പുസ്തക  ശേഖരം ,  എല്ലാമൊന്നും  അവന്‍  വായിക്കാരില്ലേങ്കിലും,  അങ്ങിനെ  ഒരു  ചെറു  ശീലവും  അവനില്‍  ഉടലെടുത്തു …അധിക  നാള്‍  നീണ്ടു  നില്‍കാന്‍  ജീവിതവഴികള്‍   അനുവധിയ്കാഞ്ഞ  ഒരു  ശീലം - വായന . അന്നത്തെ  ദിവസം  ഒമ്പതാം  ക്ലാസ്സ്‌  കൊല്ലപരീക്ഷയുടെ  അവസാന  ദിനം, മധുരമായ  അവധിദിനങ്ങള്‍  തുടങ്ങാന്‍  പോകുന്നു  ….പക്ഷെ  അവന്‍  അറിഞ്ഞില്ല  ആ  അവധിദിനങ്ങള്‍  അവന്റെ  ജീവിതത്തില്‍  നിറയ്ക്കാന്‍ പോകുന്ന  കയ്പിനെ  പറ്റി  …..ആ   അവധികാലം  അവനായി കുറുക്കി എടുത്തത്‌  ജീവിതം  മുഴുവന്‍  കൊണ്ടുനടക്കാനുള്ള  കയ്പുനീരായിരിന്നു .……

തുടരും ……


ഫോര്‍ ദി പീപ്പിള്‍ വായിച്ച എന്റെ വരികള്‍ ട്വെന്റി ട്വെന്റി ആയതില്‍ അതിയായ സന്തോഷം ഉണ്ട്  കേട്ടോ  :) , എന്റെ ആദ്യ പരിശ്രമത്തെ പ്രോത്സാഹിപ്പിച്ച ഏവരും മര്യാദയ്ക്ക് ഇനിയും പ്രോല്സാഹിപ്പിയ്ക്കുക ....:)   പ്ളീസ്..................

Friday, July 9, 2010

അനുഭവലിപി



ഹൃദയതാളുകളില്‍ അനുഭവലിപിയില്‍  എഴുതിയ അക്ഷരങ്ങള്‍ക്ക് ഇത്രയ്ക് ഭാരമോ,

ആ ഭാരം താങ്ങാനുള്ള കെല്പു നെഞ്ചിനില്ലെ?

ആകെ ഒരു വല്ലാത്ത വിങ്ങല്‍ , മനസ്സ് പിടിച്ചിടത്ത് നില്കുമോ എന്നറയില്ല,

ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ മറയ്കാന്‍ അവന്‍ പ്രയാസപെട്ടു.


ട്രയിനിലെ ഫസ്റ്റ് ക്ലാസ്സ്‌ കാബിനില്‍ പതുപതുത്ത ഇരിപ്പിടത്തില്‍ ,

ശീതികരിച്ച മുറിയുടെ സൌഖ്യത്തില്‍ , സാധാരണ ഒരു മൂളിപ്പാട്ട്ടും പാടി ഇരിയ്കെണ്ടതാണ്,

എന്നാല്‍ പ്ലാറ്റ്ഫോമിലെ വെളിച്ചമെത്താത്ത മൂലയില്‍,

ഒഴിഞ്ഞു കിടക്കുന്ന സിമന്റ്‌ ബെഞ്ച്‌ കണ്ടപ്പോള്‍ ,

വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ തണുപ്പ് ഏറ്റു കിടന്നുറങ്ങിയ രാവുകള്‍ ....


അതിലെയ്കെത്തിച്ചതും പിന്നീട് ഇവിടെ ഇപ്പോള്‍ കൊണ്ടെത്തിച്ചതുമായ ദിനരാത്രങ്ങള്‍....

എല്ലാം അനുഭവങ്ങളുടെ ലിപിയില്‍ ഒരിക്കലും മായാത്ത അക്ഷരങ്ങളായി അവന്റെ ഹൃദയത്തില്‍ കുറിയ്ക്കപെടുമ്പോള്‍,


അതിന്റെ ഭാരം ഈ ജീവിതം മുഴുവനും കൊണ്ടുനടക്കണം എന്നാക്കുരുന്നു പ്രായത്തില്‍ അവന്‍ ഓര്ത്തിരിന്നുവോ…. ഇല്ല …..



തുടരും ……




ഒരു പരീക്ഷണം തുടങ്ങുന്നു , കുറെ ഏറെ എഴുതാന്‍ ഉണ്ടെന്നൊരു തോന്നല്‍ ,
എവിടെ തുടങ്ങണം എന്ന് നിശ്ചയമില്ല , പയ്യെ ഓരോന്നായി വരും എന്ന് പ്രതീക്ഷിയ്കുന്നു .....
എന്റെ പ്രതീക്ഷയാണ് കേട്ടോ , നിങ്ങളും ചുമ്മാ അങ്ങ് പ്രതീക്ഷിയ്ച്ചോ !! യേത് :)